0482-2273417

History

പുണ്യചരിതകൊളേത്താമ്മ
ഡോ.തോമസ് പാറയ്ക്കല്‍

ഉന്നതമായ ആകാശത്തിന്‍റെ ഉണ്മ ഭൗമികജീവിതത്തെ സ്പര്‍ശിക്കാനും നിയന്ത്രിക്കാനും അനുവദിച്ചവളാണ് പുണ്യചരിതയായ സിസ്റ്റര്‍ കൊളേത്ത എന്ന എഫ്.സി.സി. സന്യാസിനി. മണിയംകുന്നിലെ ക്ലാരമഠത്തില്‍ ജീവിതത്തിന്‍റെ രൂപഭാവങ്ങള്‍ നിര്‍ണ്ണയിച്ച് നിജപ്പെടുത്തിയവളാണ് സുകൃതിനികൊളേത്ത. ദൈവികമായ ഉന്നതനിലകളിലേക്ക് ചുവടുവച്ചുയരുവാന്‍ മനുഷ്യപരിമിതികള്‍ക്കാവുമെന്ന് കൊളേത്താമ്മ ഓര്‍മ്മപ്പെടുത്തുകയാണ്.
സകലതും നന്മയ്ക്കുവേണ്ടി ക്രമപ്പെടുത്തുന്ന ദൈവികപദ്ധതിയോട് ഇണങ്ങിനിന്നവളാണ് കൊളേത്താമ്മ. 1904 മാര്‍ച്ച് 13 ന് ചേര്‍പ്പുങ്കല്‍ ആരംപുളിക്കല്‍ തറവാട്ടില്‍ ജനിച്ച മറിയം, തനിക്കുശേഷം പിറന്ന നാലു സഹോദരങ്ങള്‍ക്കും, മാതാവിന്‍റെ വേര്‍പാടിനെ തുടര്‍ന്ന്, മാതൃസ്നേഹം പകര്‍ന്ന് വളര്‍ത്തി. സഹോദരങ്ങള്‍ക്കും സന്താനങ്ങള്‍ക്കും അവരുടെ കൊച്ചുമക്കള്‍ക്കും കൊളേത്താമ്മ ആയിയമ്മയാണ്. മാതൃവേര്‍പാടില്‍ കുടുംബഭാരമെടുത്ത മറിയം മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കി 21-ാം വയസ്സില്‍ V.S.L.C പരീക്ഷ പാസ്സായി, പ്രൈമറി സ്കൂളില്‍ അദ്ധ്യാപികയാകാന്‍ യോഗ്യത നേടി വാകമല സെന്‍റ് ജോസഫ്സ് സ്കൂളില്‍ കുറഞ്ഞൊരു കാലം ജോലി ചെയ്തു. 1932 -ല്‍ മണിയംകുന്നു സ്കൂളില്‍ അദ്ധ്യാപികയായി നിയമനം ലഭിച്ച ആരംപുളിക്കലെ മറിയം ക്ലാരമഠത്തിലെ സഹോദരിമാരോടൊത്തു വസിച്ചു. സന്ന്യാസസമര്‍പ്പണംകൊണ്ട് തീക്ഷ്ണമതികളായി ജീവിക്കുന്നവരോടൊത്തുള്ള വാസം - ഇല്ലായ്മയിലും സന്തുഷ്ടരും സംതൃപ്തരുമായിരിക്കുന്നവരുടെ വിസ്മയ ജീവിതം - അടുത്തുകാണുവാന്‍ അവസരമായി. അവരുടെ ശുശ്രൂഷാമനോഭാവം, ഭക്തിതികവിലുള്ള പ്രാര്‍ത്ഥന, പരസ്പരസ്നേഹം, ത്യാഗജീവിതം എന്നിവയെല്ലാം ആകര്‍ഷകമായി. വിനീതനായ കര്‍ത്താവിനെ അനുകരിക്കാനുള്ള യത്നത്തില്‍ പങ്കാളിയാകാനുള്ള ആഗ്രഹം നിറഞ്ഞ മറിയം നവസന്യാസിനിയായി മാറി,1933 സെപ്തംബര്‍ 11-ാം തീയതി പുതുനാമം സ്വീകരിച്ചു. കൊള്ളറ്റ് - ജനത്തിന്‍റെ ജയം . 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഹന പുത്രിയുടെ നാമം സ്വീകരിച്ചതോടെ കൊളേത്താമ്മയായി. 1938 -ല്‍ നിത്യവ്രതം സ്വീകരിച്ചു. അദ്ധ്യാപകപരിശീലനം നേടി 1941 ല്‍ TTC പാസ്സായി. കൊളേത്താമ്മ അദ്ധ്യാപനത്തോടൊപ്പം നവസന്ന്യാസിനികളുടെ ഗുരുത്തിയായും കര്‍മ്മനിരതയായി.
പ്രശാന്തമായ സന്യാസസൗഭാഗ്യത്തിലേക്ക് അപ്രിയങ്ങള്‍ ഇടിച്ചുകയറിയതിന്‍റെ ദാരുണത തിങ്ങിയതാണ് 1942 മുതലുള്ള കൊളേത്താമ്മയുടെ ജീവിതം. നിരന്തരമായ തുമ്മല്‍, ശ്വാസംമുട്ടല്‍, വലിവ്, പനി, ചുമ എന്നിങ്ങനെ ആതുരതകളുടെ അലട്ടല്‍ ആ ജീവിതത്തിന്‍റെ ഭാഗമായി. കാലഘട്ടത്തില്‍ സാദ്ധ്യമായ ചികിത്സാവിധികളെല്ലാം സ്വീകരിച്ചെങ്കിലും രോഗമുക്തിയുണ്ടായില്ല. പകര്‍ച്ചവ്യാധിയായ ക്ഷയം എന്ന് രോഗം നിര്‍ണ്ണയിക്കപ്പെട്ടതോടെ മഠത്തില്‍നിന്ന് അമ്മയെ മാറ്റി പാര്‍പ്പിക്കുവാന്‍ തീരുമാനമെടുത്തു. ഉപകാരികളുടെ സഹായത്തോടെ ആദ്യം കിഴക്കേത്തോട്ടംകാരുടെ വക നെടുങ്ങനാക്കുന്നേല്‍ പുരയിടത്തിലും 44 മുതല്‍ പള്ളിക്ക് സമീപസ്ഥമായ താഴത്തു ചിറയ്ക്കല്‍ വീട്ടിലും കൊളേത്താമ്മ ഏകാന്തവാസിയായിരുന്നു. ഇടവകപള്ളി ക്കടുത്തുനിന്നും സാഹചര്യവശാല്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള മങ്ങാട്ടുതാഴെ സ്ഥലം വാങ്ങി കൊളേത്താമ്മയെ പാര്‍പ്പിച്ചു. 1952 -ല്‍ പാണംകുളം പുരയിടം വാങ്ങി രോഗിസദനം വെഞ്ചരിച്ച് പ്രതിഷ്ഠിക്കുന്നതുവരെയുള്ള കാലഘട്ടം അമ്മ ഏകാന്തവാസിയായിരുന്നു. ഏകാന്തതയുടെയും അകറ്റിനിറുത്തലിന്‍റെയും ഒറ്റപ്പെടലിന്‍റെയും ആന്തരികവ്യഥകളുടെയും ചരിതത്തെ ആന്തരികതയുടെ മഹത്തായ ഇതിഹാസമാക്കി തീര്‍ക്കുന്നതാണ് കൊളേത്താമ്മയുടെ ജീവിതത്തെ തേജസ്സുറ്റതാക്കുന്നത്.
ജീവിതം മനുഷ്യര്‍ക്കു വച്ചു നീട്ടുന്ന ഏറ്റം ദുരന്തപൂര്‍ണ്ണമായ അവസ്ഥയാണ് ഏകാന്തത. സൗഭാഗ്യസാദ്ധ്യതകള്‍ നിറഞ്ഞ സമൂഹത്തിന്‍റെ ഭാഗമായവര്‍ക്ക് ഏകാന്തത ഞടുക്കമുളവാക്കുന്നതാണ്. ഏകാന്തതയുടെ ദുര്‍ഭൂതങ്ങള്‍ സ്ഥലകാലഭേദമില്ലാതെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നു. തങ്ങളുടെതല്ലാത്ത കാരണങ്ങള്‍കൊണ്ട് ഏകാന്തതയില്‍ പെട്ടവരുടെ - ഞാന്‍ ഇരയോ - എന്ന അവബോധം പീഡനീയമാണ്. ഒരാള്‍ കുടിച്ചു വറ്റിച്ച ആധിയും പീഡയും വേദനയും ഉല്‍ക്കണ്ഠയും അമ്പരപ്പും സംത്രാസങ്ങളും വിഹ്വലതകളും വിസ്മയങ്ങളുമാണ് ഏകാന്തവാസിയുടെ ജീവിതം. കൊളേത്താമ്മ ഏകാന്തവാസത്തിന്‍റെ വിസ്മയങ്ങളില്‍ വ്യാപരിച്ചവളാണ്.
എല്ലാം നന്മയ്ക്കുവേണ്ടി പരിണമിപ്പിക്കുന്ന ദൈവികപദ്ധതി(റോമാ.8/28) യുടെ നിഴല്‍ തന്‍റെ ജീവിതത്തിലേക്ക് ഏകാന്തതയുടെ രൂപത്തില്‍ വീണത് തിരിച്ചറിഞ്ഞ്, ദൈവവഴികളായി കണ്ട് സ്വജന്മത്തെ മധുരതരമാക്കുകയായിരുന്നു കൊളേത്താമ്മ. മണവാളനായ ഈശോയുടെ ജീവിതത്തെ വലയം ചെയ്തിരുന്ന ഏകാന്തതയോട് വര്‍ഷങ്ങള്‍ നീണ്ട ഒറ്റപ്പെടലിന്‍റെ അവസ്ഥ ചേര്‍ത്തുവെച്ചു. അതുവഴി ഞാന്‍ ഈശോയെ സ്നേഹിക്കുന്നവളാണെന്നും അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവളാണെന്നും ജീവിതംകൊണ്ടു ഗ്രഹിക്കുകയും ഗ്രഹിപ്പിക്കുകയും ചെയ്തു. പരാതികളും പരിഭവവുമില്ലാതെ ദൈവികാഭയും ശോഭയും സ്വജീവിതത്തില്‍ നിറയ്ക്കാനും മണവാട്ടിക്കിണങ്ങിയ കാന്തിമതിയാകാനും അവള്‍ ഉറച്ചു. കാരണം ദൈവതൃക്കരങ്ങളില്‍നിന്ന് ലഭിക്കുന്നതെല്ലാം നന്മയ്ക്കാണെന്ന് അമ്മക്കറിയാമായിരുന്നു.
ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന പ്രക്രിയയും കൊളേത്താമ്മ മനസ്സിലാക്കിയിരുന്നു. ദൈവത്തെ സ്നേഹിക്കുന്നവരെയും അവന്‍റെ പദ്ധതിയാല്‍ വിളിക്കപ്പെട്ടവരെയും പുത്രന്‍റെ സാദൃശ്യത്തോട് അനുരൂപരാക്കുവാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നു ദൈവം. ദൈവത്തിന്‍റെ പൂര്‍വ്വജ്ഞാനത്തിലും സുനിശ്ചിതപദ്ധതിയിലുമാണ് ക്രിസ്തുവിനോട് സാദൃശ്യപ്പെടുത്തുന്ന ഏകാന്തതയും പരിത്യക്തതയും ശൂന്യതയും ശുഷ്ക്കതയും തന്നെ സമാക്രമിക്കുന്നതെന്ന് അമ്മയ്ക്കു ബോദ്ധ്യപ്പെട്ടു. അതിനാല്‍ ഏകാന്തതയും അതിന്‍റെ പരിണിതഫലങ്ങളും ആഴമായ ദൈവസ്നേഹപ്രാപ്തിയുടെ നിമിഷങ്ങളായി അമ്മ മാറ്റി.
എല്ലാവരില്‍നിന്നും അകന്ന് ഏകാന്തതയില്‍ ജീവിക്കുക ക്ലേശകരമാണ്; സ്നേഹങ്ങളില്‍നിന്നും മമതകളില്‍നിന്നും അകന്നിരിക്കുക ദുഷ്ക്കരം. അനുദിനമുള്ള വി. കുര്‍ബാനകൂടി ഇല്ലാത്ത സ്ഥിതി ഒരു സന്യാസിനിക്ക് ഏത്രയോ വേദനാജനകം! കൊളേത്താമ്മ ദിവ്യനാഥന്‍റെ മാറില്‍ ആശ്വാസം കണ്ടു. കാരാഗൃഹവാസിയായിരുന്ന ഈശോയോടൊത്തു അവനെ ആശ്വസിപ്പിച്ച് അവനില്‍നിന്ന് ആശ്വാസം സ്വീകരിച്ചു തന്‍റെ ഏകാന്തതയില്‍ . സഹോദരിമാരില്‍നിന്നുള്ള അകല്‍ച്ച കൊളേത്താമ്മയില്‍ അപ്രിയം ജനിപ്പിച്ചില്ല. സുരക്ഷിതത്വം എല്ലാവര്‍ക്കും ആവശ്യമാണ്. തന്നോടുള്ള അകലം അവരെ സുരക്ഷിതരാക്കും. സമ്പര്‍ക്കങ്ങളും സൗകര്യങ്ങളും പരിമിതമായിരുന്നാലും ജീവിക്കാനാകും. സ്നേഹപ്രകടനത്തിന്‍റെ പരിമിതികള്‍ ദൈവസ്നേഹത്തിന്‍റെ ജ്വാല അമ്മയില്‍ നിറച്ചു. ഏകാന്തതയിലും സന്തോഷം നിറഞ്ഞ അമ്മയുടെ മുഖം സഹോദരിമാരെ സ്വാധീനിച്ചു. 'ഇവിടെ ഞാന്‍ ഒറ്റക്കെന്നുമല്ല. എന്‍റെ കൂടെ ഈശോയുണ്ട്; എന്‍റെ ഹൃദയത്തില്‍. പിന്നെ ഞാന്‍ എന്തിനു വിഷമിക്കണം' എന്നാണ് അമ്മയുടെ മൊഴികള്‍.
കൊളേത്താമ്മ എപ്പോഴും പ്രസന്നവദനയായിരുന്നു. കുറ്റം വിധിക്കാനോ പറയാനോ മുതിര്‍ന്നിട്ടില്ല. സഹോദരിമാരും അയല്‍ക്കാരും പരിചയക്കാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. രോഗത്തിന്‍റെ തിക്തതകള്‍ ബാഹ്യവും ആന്തരികവുമായി അനുഭവിച്ചവള്‍ക്ക് എല്ലാം സംഗ്രഹിക്കുവാന്‍ ഒരു ചെറുവാചകം കൊളേത്താമ്മയ്ക്കുണ്ടായിരുന്നു. 'ഇതൊന്നും ആരുടെയും കുറ്റമല്ല, എന്നെ സംബന്ധിച്ചുള്ള ദൈവഹിതമാണ്.' ഈ വാക്കുകളില്‍ സംസാരം അവസാനിപ്പിച്ചിരുന്നു കൊളേത്താമ്മ. ആത്മശാന്തതയും ഹൃദയതാഴ്മയും വിശ്വാസദൃഢതയും നിറഞ്ഞ വാക്കുകളായിരുന്നുഅവ. ബഹു. കസിയാനോസ് സി.എം.ഐ. അമ്മയെ കുമ്പസാരിപ്പിക്കുകയും ചെറിയ ഉപദേശങ്ങള്‍ നല്കി ദൃഢപ്പെടുത്തുകയും ചെയ്തതിനാല്‍ ജീവിതാനുഭവങ്ങളെല്ലാം അമ്മയ്ക്കു ഹൃദ്യമായി; സ്വീകാര്യമായി.
1952 -മുതലുള്ള നാളുകളില്‍ ദീനമുറിയിലെ സഹോദരങ്ങളോടൊത്തു ജീവിച്ചു. കൊന്ത കൈകളിലേന്തി പ്രാര്‍ത്ഥിച്ചു മുറ്റത്തുകൂടി നടക്കുന്ന അമ്മ, മുറ്റത്തെ പുല്ലു പറിച്ചു നീക്കിയും മുറ്റം ഭംഗിയാക്കിയും ചുവടു വയ്ക്കുന്ന കൊളേത്താമ്മ, നാട്ടുകാര്‍ക്കും സഹോദരികള്‍ക്കും പരിചിതമാണ്. നിസ്സാരയായ അമ്മയുടെ അടുക്കല്‍ സഹായം യാചിച്ചുകൊണ്ട് എത്തിയവര്‍ക്കെല്ലാം അമ്മ പ്രാര്‍ത്ഥനയിലൂടെ താങ്ങായിരുന്നു. നിസ്സാരയായവള്‍ സാരമായ രീതിയില്‍ ദൈവജനത്തിന് മദ്ധ്യസ്ഥയായി തന്‍റെ പ്രാര്‍ത്ഥനകളിലൂടെ.
ജീവിതത്തെ അറിയുക, ജീവിതാനുഭവങ്ങളെ തിരിച്ചറിയുക, തിരിച്ചറിവോടെ ജീവിക്കുക. ജീവിതസത്ത ഉന്നതന്‍റെ കരങ്ങളിലേല്‍പിക്കുക. മനുഷ്യപരിമിതികളില്‍ മറഞ്ഞിരിക്കുന്ന ദൈവകരങ്ങളുടെ നിഴലില്‍നിന്ന് അകലാതിരിക്കുക. ഇതുമാത്രമാണ് ജീവിതമെന്ന് കൊളേത്താമ്മ ജീവിതംകൊണ്ട് തെളിയിച്ചു.തെളിക്കപ്പെട്ട ആ ജീവിതസൗകുമാര്യത്തിലേയ്ക്ക് അടുക്കുവാന്‍ പുണ്യചരിതകൊളേത്താമ്മയുടെ ചരമദിനത്തില്‍ മണിയംകുന്നിലെ കബറിടത്തിനരികിലെത്താം.